മാല്‍സൂപ്പിയന്‍ ഗാഥകള്‍

Saturday, 19 August 2017

രണ്ടു പ്രണയലേഘനങ്ങള്‍

രണ്ട് പ്രണയലേഖനങ്ങള്‍

കഥ                                                      ഹരികൃഷ്ണൻ ജി ജി  

................................................................................................................................................................... 

പ്രിയേ,

ഇന്നും നിന്റെ കത്തുകൈമാറിയപ്പോൾ പോസ്റ്റുമാൻ സ്നേഹത്തോടെ ഒന്നു ചിരിച്ചിരുന്നു. പുതിയ പയ്യനാണ്. ഇപ്പോൾ സുഹൃത്തുകൾ പരസ്പരം കത്തെഴുതുന്നത് ഒരു ഫാഷൻ ആയി മാറിയിട്ടുണ്ടത്രെ! നമ്മളും പുതിയ ഫാഷനെ അനുകരിച്ച് പരസ്പരം എഴുതുന്നവരാണെന്നാണ് അവന്റെ ഭാവം. നിന്റെ ചുരുൾമുടി പോലത്തെ വയറുകൊണ്ട് പരസ്പരം കെട്ടിനിർത്തപ്പെട്ട ആ പഴയ ലാന്റ് ഫോൺ കാലത്ത് എഴുതിതുടങ്ങിയവരാണ് നമ്മൾ എന്ന് അവന് ഊഹിക്കാൻ കഴിഞ്ഞേക്കില്ല. ഇപ്പോൾ എന്റെ വരികളിൽ കുറച്ചു പഞ്ചസാരത്തരികൾ കൂടുനലാണെന്നല്ലേ നീയ് പറഞ്ഞത്. ഉറുമ്പുകൾ പഞ്ചസാര കട്ടുതിന്നാൻ കത്തു മോഷ്ടിച്ചില്ലെങ്കിൽ ഇന്നേയ്ക്ക് മൂന്നാം ദിനം ഇത് ഭവതിയുടെ കൈകളിൽ എത്തിച്ചേരും.
ഇപ്പോഴും കത്തിലൂടെ സുഖവിവരം അന്വേഷിക്കുന്ന നിന്റെ ശീലം ഇനി ഉപേക്ഷിക്കുന്നതാവും ഭേതം. പ്രായത്തിന്റെ ചില ഓർമപ്പെടുത്തലുകൾ ശരീരം കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇനി നമുക്ക് രോഗപർവത്തിലേയ്ക്കുള്ള കാലം ആകും! വൃദ്ധരുടേതു പോലെയുള്ള വാട്സ്ആപ്പ് വിരോധം എന്ന ശാഢ്യം നിനക്ക് ഇനിയും ഉപേക്ഷിച്ചൂടേ. നമുക്ക് കുട്ടികളെപ്പോലെ ചാറ്റ് ചെയ്യാം. എഴുത്തുകളിലൂടെ  തന്നെയല്ലേ അവിടെയും വിവര വിനിമയം.
കൗമാരത്തിന്റെ അന്ത്യത്തിലും യൗവനത്തിന്റെ ആരംഭത്തിലും പരസ്പരം കണ്ടുമുട്ടിയവരാണ് നമ്മൾ. എന്നിട്ടും നമ്മൾ പ്രണയിക്കാത്തതെന്തേ എന്ന് ഞാൻ അതിശയപ്പെടുന്നു, ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് സമ്മതിച്ചുകൊണ്ടുതന്നെ ! അതൊക്കെ കഴിഞ്ഞ് വ്യാഴം രണ്ടു വട്ടത്തിൽ അധികം ഭൂമിയെ വലംവച്ചിരിക്കണം അല്ലേ... !
ആർക്കും കീറികളയാവുന്ന, തുറന്നു നോക്കാവുന്ന ഒരു എൻഡ് റ്റു എൻഡ് എൻക്രിപ്ഷനും ഇല്ലാത്ത കത്തുകളിൽ അല്ലേ നമ്മുടെ നിലനിൽപ്പ്.
''നീ എഴുതിയത് ഞാൻ എഴുതിയതായും
ഞാൻ എഴുതിയത് നീ എഴുതിയതായും''
അങ്ങനെ ആദ്യം പറഞ്ഞത് നീ ആണ്. പറഞ്ഞതല്ല എഴുതിയത്. സാഹിത്യ ശിൽപശാല കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് നാം വിലാസങ്ങൾ കൈമാറിയത്. നീയ് അയച്ച ഓരോ കത്തും ഞാൻ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു (ക്ലീഷേ).
ഓർമയില്ലേ തൊട്ടടുത്ത കത്തിൽ ഞാൻ എഴുതിയ ഏറ്റവും മികച്ച കഥകൂടി ഞാൻ അയച്ചുതന്നിരുന്നു. അത് നിന്റെ പേരിൽ അച്ചടിച്ചുവന്നത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം... ഇന്ന് അതൊക്കെ ഓർത്തുനോക്കുമ്പോൾ നാണം തോന്നുന്നു (മുഖം ചുവക്കുന്നു!). പിന്നീട് നീ അയച്ചുതന്ന കവിതകളിലൂടെ കഥകളിലൂടെ കണ്ണീരിലൂടെ ഞാനും വായിക്കപ്പെട്ടു. ആഴ്ചപതിപ്പുകൾക്കുള്ള ലേഖനങ്ങൾ പോലും.
നിന്റെ കഥകളെ പറ്റി ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോതിച്ചപ്പോൾ ഞാൻ പറഞ്ഞ കടുത്ത വിമർശനങ്ങൾ ഓർമയുണ്ടോ...? അതിന്റെ പേരിലുള്ള നമ്മുടെ ശത്രുത ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് പലരുടേയും ധാരണ. നീയും ഏറെ അഭിമുഖങ്ങളിൽ എന്നെ വിമർശിച്ചിട്ടുണ്ട്. ഈ അടുത്തും ഞാൻ ഒരെണ്ണം കണ്ടു. അങ്ങനെയൊന്നും പറയല്ലേ... അതെന്നെ ഏറെ വേദനപ്പെടുത്തി

'' നീയ് എഴുതുന്നത് ഞാനും
ഞാൻ എഴുതുന്നത് നീയും.''
എങ്ങനെയാണ് നിനക്ക് അങ്ങനെ ഒരു ആശയം തോന്നിയത് ! ഏതു നിമിഷത്തിലാണ് ഞാനതിനെ പിൻതുണച്ചത്! അത്ഭുതം തോന്നുന്നു.
എന്റെ പ്രേമനൈരാശങ്ങളിൽ നീയും നിന്റെ ജീവിത പിടച്ചിലുകളിൽ ഞാനും താളുകളിൽ വീഞ്ഞായ് നിറഞ്ഞു. നിന്റെ നിഷ്കളങ്കതയിൽ ഞാൻ സ്നേഹിക്കപ്പെട്ടപ്പോൾ എന്റെ കള്ളത്തരങ്ങളിൽ നിന്നെ അവർ കല്ലെറിഞ്ഞു. ഞാൻ എഴുതി അയക്കുന്നവ മോശമെന്നു കണ്ടെങ്കിൽ നിനക്കുതന്നെ അവ ചുരുട്ടി എറിയാമായിരുന്നില്ലേ.
അല്ല, അന്നു മുതലാണ്‌ ഞാൻ എഴുതാൻ പഠിച്ചത്.
കടൽ കടന്നൊരു സാഹിത്യ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് നീയ് എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. പുരസ്കാരനേട്ടത്തിന് നേരിൽ കണ്ട് അഭിനന്ദിക്കാത്തതിൽ പരിഭവിക്കല്ലേ സഖീ. തിരക്കുകൾ, അതിനിടയിൽ ഒരു ക്ഷണം കണ്ടെത്താൻ കഴിയുന്നില്ല. നിന്റെ വിദേശയാത്ര കഴിഞ്ഞ് നമുക്ക് കാണാം. അന്ന് പുരസ്കാര ലബ്ദിയുടെ ചിലവ് മറക്കരുത്. വീട്ടുകാരനെ ഞാൻ ഇന്നലെ കണ്ടിരുന്നു. കൊച്ചുമക്കളുടെ വിശേഷം പറയാൻ ആണ് തിടുക്കം. രണ്ടു പേരും സന്തോഷത്തിലാണ് എന്ന് പ്രതീക്ഷിക്കുന്നു.
                                                                              സ്നേഹപൂർവം,
എഴുത്തുകാരൻ
ഒപ്പ്.
......................................................................................................................................................................................................................................................................................................................................

സഖാവേ,
   
നിന്റെ പ്രണയം ഞാൻ തിരിച്ചറിഞ്ഞിട്ടില്ല എന്നാണോ നീ ഇപ്പോഴും കരുതുന്നത്.
പഞ്ചസാര എഴുത്തിൽ മാത്രമല്ല കൂടിയിട്ടുള്ളത് എന്ന് താങ്കളുടെ നല്ലപകുതി ഫോൺ വിളിച്ചപ്പോൾ പറഞ്ഞു. ഡോക്ടറെ കണ്ടു വന്ന ഉടനേ ആണ് അവൾ വിളിച്ചത്. സുരപാനം ഇപ്പോൾ ഒരു സ്റ്റൈൽ പോലെ കൊണ്ടു നടക്കുകയാണ് എന്നും അവൾ പറഞ്ഞു. അതിനെ പറ്റി മറ്റു പലരും പറഞ്ഞും ഞാൻ അറിഞ്ഞിരിക്കുന്നു. ഉപദേശിക്കാൻ കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ എന്നാണ്‌ അവളോടു പറഞ്ഞത്. എങ്കിലും ഞാൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന അവളുടെ ആവശ്യത്തെ തളളിക്കളയാൻ ആവില്ല.
എന്തൊക്കെ ആയിരുന്നു കഴിഞ്ഞ കത്തിൽ! എന്തേ ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ! അതോ മദ്യത്തിന്റെ പ്രേരണയിൽ എഴുതിയതാണോ? ഞാൻ മറുപടി ഒന്നും പറയുന്നില്ല.
കടൽ കടന്നുള്ള യാത്ര ഉപേക്ഷിച്ചു. അടുത്ത ആഴ്ച കറാച്ചിക്ക് പോകുന്നു. സാഹിത്യോത്സവത്തിന്. ക്ഷണം ഉണ്ട്. ചിലരുടെ മുറുമുറുപ്പും.
നിന്റെ ഈ കത്ത് ഞാൻ പ്രസിദ്ധീകരിക്കാൻ കൊടുക്കും. എന്റേതും. എന്റെ പേരിൽ ആവില്ല, ഒരു തൂലികാനാമത്തിൽ കഥ എന്ന രൂപേണ നമുക്ക്‌ ഇവ പ്രസിദ്ധീകരിക്കാം. ആരും അച്ചടിച്ചില്ലെങ്കിൽ ഏതെങ്കിലും ബ്ലോഗർമാർക്ക് കൊടുക്കാം.
യാത്രയ്ക്ക് മുൻപ് നമുക്കൊന്ന് കാണണം. ഉണരുമ്പോൾ തന്നെ ഫോണിൽ ''ശ്വാസകോശം സ്പോഞ്ചുപോലെയാണ്...'' എന്ന പരസ്യം പ്ലേ ചെയ്ത് നിന്നെ കാണിക്കണം എന്ന് ഞാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട്‌. ഇത് ഒരു മുന്നറിയിപ്പ് മാത്രം. ഇനിയും കുറയ്ക്കാൻ നീക്കമില്ലെങ്കിൽ (പുകവലിയും മദ്യപാനവും) അടുത്ത നടപടി സ്വീകരിക്കും ഓർമിച്ചോ.

കുറിപ്പുകൾ:
1 ) ഫാസിസത്തെ പറ്റി ഒരു ലേഖനം പെട്ടന്ന് സ്പീഡ് പോസ്റ്റ് ചെയ്യുക.
2) ഇന്നലെ അയച്ച കഥ ഞാൻ ചവറ്റുകുട്ടയിൽ എറിഞ്ഞു. കഥകൾ ഒന്നും ഞാൻ ചുരുട്ടി എറിഞ്ഞിട്ടില്ല എന്ന് നീ പറഞ്ഞത് ശരിയല്ല. എഴുതിയ കഥകളെ പറ്റി നിനക്ക് ഒരു ബോധവും ഇല്ല എന്നതാണ് ശരി.
3) ഒരു കവിത കത്തിനൊപ്പം പോസ്റ്റു ചെയ്തിട്ടുണ്ട്‌.

സ്നേഹപൂർവം,
പ്രിയമുള്ളവൾ,
ഒപ്പ്.
.....................................................................................................................................................................................................................................................................................................................................

Search This Blog

മഴ