നിങ്ങള്‍ക്കറിയാമോ.?!
അയാള്‍ വാട്സാപ്പില്‍ കയറില്ല..!!
ഫെയിസ്ബുക്കില്‍ അകൗണ്ടില്ല
പോണ്‍സൈറ്റുകള്‍
ഏതെന്നുപോലുമറിയില്ല..!!
നിങ്ങള്‍ക്കറിയാമോ...?
അയാള്‍ സ്മാര്‍ട്ഫോണില്‍
ഡബ്മാഷ് ചെയ്തുനോക്കിയിട്ടില്ല.!!
ദംഷ്ട്രാസെന്നുപറഞ്ഞ്
എട്ടുവയസുള്ള പെണ്‍കുട്ടി,
അയാളുടെ മകള്‍
അയാളെക്കൊണ്ട് സിനിമാപ്പേര്‍ അഭിനയിപ്പിച്ചിട്ടുണ്ട്.
അവളയല്ലേ..?
ആ.. അതു പറയേണ്ട..
വിഷമാവും.
അന്ന് തളര്‍ന്നതാണയാള്‍.
അതിലും വലുതാണോ ഭൂമി.?
അല്ലേ..?
അതാണയാള്‍ എല്ലാമറിഞ്ഞിട്ടും
ഒന്നും അറിയാതെ തോറ്റത്.
കാറ്റാടിപ്പാടം നിര്‍മിക്കാന്‍ അയാളുടെ വീടടക്കം, പറമ്പടക്കം, അയല്‍പക്കമടക്കം, ഗ്രാമമടക്കം സര്‍ക്കാരേറ്റെടുത്തു.
കാറ്റുവീശിത്തകര്‍ത്ത ഒരു ദിനമല്ലേ
സ്കൂളില്‍ നിന്ന് മടങ്ങുന്ന വഴി അയാളുടെ മകളെ..?!
അതൊക്കെ പറഞ്ഞാല്‍ വിഷമംവരും. പക്ഷേ അന്യരൊന്നുമല്ല. ബന്ധുതന്നാ. നാട്ടുകാര്‍ക്കൊക്കെ അറിയാം ആരാന്ന്....
ആരോ ചൂണ്ടിക്കാട്ടിയ ഒരു ബംഗാളിപ്പയ്യനെ തെരുവിലിട്ട് തല്ലിയത് ഈ നാട്ടുകാരല്ലേ..??
നാട്ടുകാരുമുണ്ട്
അല്ലാത്തോരുമംണ്ട്..!!
നേരറിയുന്നോരുമുണ്ട്
അല്ലാത്തോരുമുണ്ട്..!!
കുടിയൊഴിപ്പിച്ച ഭൂമിക്ക്
ന്യായമായ നഷ്ടപരിഹാരം നല്‍കിയ
ഏതെങ്കിലും സര്‍ക്കാരുണ്ടോ
ചരിത്രത്തില്‍..?
ജനാധിപത്യത്തില്‍.!
രാജാധിപത്യത്തില്‍.!
ഏകാധിപത്യത്തില്‍.!
കമ്മൂണസത്തില്‍..!
കാണും.
കാണാതിരിക്കില്ല...
ചരിത്രം രേഖപ്പെടുത്താത്തതാകും.
അപ്പൊ എന്തിനാണ് അയാള്‍
സമരം ചെയ്യുന്നത്.?
എന്തിനാണ് അയാള്‍
സമരം ചെയ്യാത്തത്..!!
മറ്റേയാള്‍ പ്രബലനായിരുന്നത്രെ.!
ബന്ധു.
കാറ്റാടിപ്പാടം വന്നപ്പോഴും
കീശനിറഞ്ഞതയാളുടെയാണെന്ന് നാട്ടിലൊരു പാട്ടുണ്ട്.
നാടോ... നാടെല്ലാം പോയി...
നാട്ടാരെല്ലാം സമരപ്പന്തലിലായി...
നാട്ടാര്‍ക്കിതുവേണം...
പിന്നെ, പോലീസുകാരന്‍ കൊന്നാല്‍
കേസില്ലാത്ത നാടല്ലേ..!!
പോലീസുകാരന്‍റെ പെങ്ങളെ പ്രേമിച്ചാല്‍-
തച്ചുകൊല്ലണ നാടല്ലേ..?!
നാട്ടാര്‍ക്കിതുവേണം...
അവരല്ലേ വടക്കന്‍പാട്ടെല്ലാം
ഉമിയിലിട്ടൊളിപ്പിച്ചത്..
ഹരി