മാല്‍സൂപ്പിയന്‍ ഗാഥകള്‍

Monday, 5 February 2018

കേരളം വീണ്ടും ഭ്രാന്താലയമാവുമ്പോള്‍

നമുക്ക് സന്തോഷിക്കാം
കേരളം വീണ്ടും ഭ്രാന്താലയമാവുമ്പോള്‍.
ഗുരുവും ചട്ടമ്പിസ്വാമികളും
വാഗ്ഭടാനന്ദനും പുനര്‍ജനിക്കും.
അയ്യന്‍കാളി വീണ്ടും വില്ലുവണ്ടിയിലേറി
അനന്തപുരിയെ ഇളക്കിമറിക്കും.
വടക്കുനിന്ന് വിവേകാനന്ദന്‍,
യുവസന്യാസി ട്രൈനില്‍വന്നിറങ്ങി
വീണ്ടും കണ്ണുപൊത്തി കരഞ്ഞുപോകും
ഭ്രാന്താലയം...
ഭ്രാന്താലയം...
ബഡ്ജറ്റില്‍ മുലക്കരവുമുള്‍പ്പെടും
അതിനെനമുക്കന്ന് ട്രോളിത്തോല്‍പ്പിക്കാം.
നമുക്ക് സന്തോഷിക്കാം
കേരളം വീണ്ടും ഭ്രാന്താലയമാകുമ്പോള്‍
നവോധാന നായകരെല്ലാം
പുനര്‍ജനിക്കുമല്ലോ....
അവര്‍വീണ്ടും നമ്മളെ
മനുഷ്യരാക്കി മാറ്റുമല്ലോ...
അതുവരെ
നമുക്ക് ഓണ്‍ലൈനില്‍ കുറ്റംപറയാം.
ഒളിഞ്ഞിരുന്ന് വീഡിയോ കാണാം.
കേരളം വീണ്ടും ഭ്രാന്താലയമാകുന്നത്
കണ്ടിരുന്ന് ലൈക്കടിക്കാം...

ഹരികൃഷ്ണന്‍ ജി ജി

ചൂണ്ട

ഒരിക്കല്‍ ചൂണ്ടക്കൊളുത്ത് ചൂണ്ടക്കാരനോട് ചോതിച്ചു.
വിശപ്പിനെ മുതലെടുത്ത് പാവം മത്സ്യങ്ങളെ
കുടുക്കുന്നതിന്‍റെ പാപം
നീ എന്ത് പ്രതിവിധിചെയ്താണ് വീട്ടുക...?
ചൂണ്ടക്കാരന്‍ മറുപടി പറഞ്ഞു.
''മത്സ്യങ്ങളെ ചൂണ്ടയിലേക്കാകര്‍ഷിക്കുന്നതോ അവരുടെ ചെകിളയില്‍ തറഞ്ഞുകയറുന്നതോ
ഞാനല്ലല്ലോ..? നീയല്ലേ...!! അപ്പൊ പാപവും നിനക്കുമേല്‍ തന്നെ...
നീയ് കേട്ടിട്ടില്ലേ കാട്ടുകള്ളന്‍ രത്നാകരനോട് സപ്തര്‍ഷിമാര്‍ പറഞ്ഞത്..?''

ചൂണ്ടക്കൊളുത്ത് ഓര്‍ത്തു.
അന്ന് താന്‍ രത്നാകരന്‍റെ കയ്യിലെ ഇരുമ്പുകത്തിയില്‍ ഉരുകിയുറച്ചിരിക്കയായിരുന്നു.
പിന്നീടാണ് ഉപേക്കിക്കപ്പെട്ട കത്തിയെ ഉരുക്കി രാമരാവണയുദ്ധസമയത്ത് അമ്പിന്‍മുനയായും
പിന്നീടുമെന്നോഉരുക്കി ചൂണ്ടക്കൊളുത്തായും മാറ്റിയത്.

''നീയ് ചെയ്യുന്നതിന്‍റെ ഫലം നീതന്നെ അനുഭവിക്കും...''
സപ്തര്‍ഷികള്‍ പറഞ്ഞു.
രത്നാകരന്‍റെ കത്തി, രാമരാവണയുദ്ധം, പിന്നെ അവ്യക്തമായ ഓര്‍മയില്‍
കുരുക്ഷേത്രത്തില്‍ ഭീഷ്മരുടെ ശരശയ്യയില്‍
പാഞ്ഞുപറക്കുന്നവിമാനത്തില്‍ നിന്ന് തീയുണ്ടപോലെ
ഭൂമിയിലേക്കെറിയപ്പെട്ട ബോംബിന്‍റെ ചീളില്‍....
ചൂണ്ടക്കൊളുത്ത് തന്‍റെ കഴിഞ്ഞകാലങ്ങള്‍ ഓര്‍ത്തെടുത്തു....
ഉരുകിയുരുകി പലരൂപങ്ങളില്‍ പലയിടത്ത്...

എന്തുകൊണ്ട് താനിതുവരെ ഒരു കര്‍ഷകന്‍റെ തൂമ്പയിലോ
മഴുവിലോ ഉരുക്കിച്ചേര്‍ക്കപ്പെട്ടില്ല....
കൊളുത്ത് വ്യസനിച്ചു...

അടുത്തനിമിഷം നീന്തിവന്നൊരുമത്സ്യം കൊളുത്തിലെ ഇരയെവിഴുങ്ങി.
ജീവന്‍ തുടിക്കുന്ന ചെകിളയിലൂടെ ആഴ്ന്നിറങ്ങുന്നതിന്‍റെ ദുസ്സഹമായവേദനയില്‍
ഇരുമ്പ് കണ്ണടച്ചു...അതിന്‍റെ മനസില്‍ പിന്നെയും കണ്ടുമറന്ന
രണഭൂമികള്‍ ആര്‍ത്തലച്ചു...

ഹരികൃഷ്ണന്‍ ജി ജി

Thursday, 25 January 2018

നിങ്ങള്‍ക്കറിയാമോ.?

നിങ്ങള്‍ക്കറിയാമോ.?!
അയാള്‍ വാട്സാപ്പില്‍ കയറില്ല..!!
ഫെയിസ്ബുക്കില്‍ അകൗണ്ടില്ല
പോണ്‍സൈറ്റുകള്‍
ഏതെന്നുപോലുമറിയില്ല..!!
നിങ്ങള്‍ക്കറിയാമോ...?
അയാള്‍ സ്മാര്‍ട്ഫോണില്‍
ഡബ്മാഷ് ചെയ്തുനോക്കിയിട്ടില്ല.!!
ദംഷ്ട്രാസെന്നുപറഞ്ഞ്
എട്ടുവയസുള്ള പെണ്‍കുട്ടി,
അയാളുടെ മകള്‍
അയാളെക്കൊണ്ട് സിനിമാപ്പേര്‍ അഭിനയിപ്പിച്ചിട്ടുണ്ട്.
അവളയല്ലേ..?
ആ.. അതു പറയേണ്ട..
വിഷമാവും.
അന്ന് തളര്‍ന്നതാണയാള്‍.
അതിലും വലുതാണോ ഭൂമി.?
അല്ലേ..?
അതാണയാള്‍ എല്ലാമറിഞ്ഞിട്ടും
ഒന്നും അറിയാതെ തോറ്റത്.
കാറ്റാടിപ്പാടം നിര്‍മിക്കാന്‍ അയാളുടെ വീടടക്കം, പറമ്പടക്കം, അയല്‍പക്കമടക്കം, ഗ്രാമമടക്കം സര്‍ക്കാരേറ്റെടുത്തു.
കാറ്റുവീശിത്തകര്‍ത്ത ഒരു ദിനമല്ലേ
സ്കൂളില്‍ നിന്ന് മടങ്ങുന്ന വഴി അയാളുടെ മകളെ..?!
അതൊക്കെ പറഞ്ഞാല്‍ വിഷമംവരും. പക്ഷേ അന്യരൊന്നുമല്ല. ബന്ധുതന്നാ. നാട്ടുകാര്‍ക്കൊക്കെ അറിയാം ആരാന്ന്....
ആരോ ചൂണ്ടിക്കാട്ടിയ ഒരു ബംഗാളിപ്പയ്യനെ തെരുവിലിട്ട് തല്ലിയത് ഈ നാട്ടുകാരല്ലേ..??
നാട്ടുകാരുമുണ്ട്
അല്ലാത്തോരുമംണ്ട്..!!
നേരറിയുന്നോരുമുണ്ട്
അല്ലാത്തോരുമുണ്ട്..!!
കുടിയൊഴിപ്പിച്ച ഭൂമിക്ക്
ന്യായമായ നഷ്ടപരിഹാരം നല്‍കിയ
ഏതെങ്കിലും സര്‍ക്കാരുണ്ടോ
ചരിത്രത്തില്‍..?
ജനാധിപത്യത്തില്‍.!
രാജാധിപത്യത്തില്‍.!
ഏകാധിപത്യത്തില്‍.!
കമ്മൂണസത്തില്‍..!
കാണും.
കാണാതിരിക്കില്ല...
ചരിത്രം രേഖപ്പെടുത്താത്തതാകും.

അപ്പൊ എന്തിനാണ് അയാള്‍
സമരം ചെയ്യുന്നത്.?
എന്തിനാണ് അയാള്‍
സമരം ചെയ്യാത്തത്..!!
മറ്റേയാള്‍ പ്രബലനായിരുന്നത്രെ.!
ബന്ധു.
കാറ്റാടിപ്പാടം വന്നപ്പോഴും
കീശനിറഞ്ഞതയാളുടെയാണെന്ന് നാട്ടിലൊരു പാട്ടുണ്ട്.
നാടോ... നാടെല്ലാം പോയി...
നാട്ടാരെല്ലാം സമരപ്പന്തലിലായി...
നാട്ടാര്‍ക്കിതുവേണം...
പിന്നെ, പോലീസുകാരന്‍ കൊന്നാല്‍
കേസില്ലാത്ത നാടല്ലേ..!!
പോലീസുകാരന്‍റെ പെങ്ങളെ പ്രേമിച്ചാല്‍-
തച്ചുകൊല്ലണ നാടല്ലേ..?!
നാട്ടാര്‍ക്കിതുവേണം...
അവരല്ലേ വടക്കന്‍പാട്ടെല്ലാം
ഉമിയിലിട്ടൊളിപ്പിച്ചത്‌..

ഹരി

Saturday, 20 January 2018

മരണലേഖനത്തില്‍നിന്ന്
പ്രണയലേഖനത്തിലേക്കുള്ള
ദൂ
രം
ചവിട്ടുന്നവനാണ്
വിജയി...


...ഹരി...

Thursday, 7 December 2017

ലെ ബ്രോ

ലെ ബ്രോ പിന്നേം വിളിച്ചു. വേറേ പണിയൊന്നും ഇല്ലാത്തതുകൊണ്ട് വാ അളിയാ ഒന്ന് കറങ്ങീട്ട് വരാംന്ന് ഞാനും പറഞ്ഞു. ചുള്ളന്‍ ജിമ്മ്ജിമ്മെന്ന് നിക്കുന്ന പുത്തന്‍ ഡ്യൂക്കില്‍ പറന്നുവന്നു.
സര്‍ബത്ത് കടയിലോട്ട് വണ്ടിവിടുമ്പൊ ഓന്‍ മൊഴിഞ്ഞു.. '' അളിയാ.. ഇങ്ങനെ നടന്നാല്‍ മതിയോ നമുക്കൊരു ജോലിയൊക്കെ വേണ്ടേ..?!''
''പിന്നെ വേണ്ടേ..!!!'' ഞാനും സമ്മതിച്ചു.
''പിന്നൊരു ഡയമണ്ട് പെണ്ണുങ്കൂടി ആയാല്‍ പയ്യന പിടിച്ചാക്കിട്ടൂല...''
ആ ഡയമണ്ട് എന്തെന്നത്ര പിടി കിട്ടീലേലും എനിക്ക് അതങ്ങ് സുഖിച്ചു...
''ഒരു വഴി ഒത്തുവന്നിട്ടൊണ്ട് നോക്കുന്നോ..?!''
''എന്താണ് പുതിയ ഉഡായിപ്പ്..?''
''ഉഡായിപ്പൊന്നുമല്ലടേ... ഇതൊരു മോസ്റ്റ് പവര്‍ഫുള്‍ വെപ്പണാ...''
''അതെന്താണ് ബ്രോ..!!''
ബൈക്ക് സ്റ്റാന്‍റാക്കി കുലുക്കി കുലുക്കി രണ്ട് സര്‍ബത്തും പറഞ്ഞ് ബാഗ്തുറന്ന് ബ്രോ ഒരു മാഗസീനെടുത്തു...
''ഇതാണ് ഐറ്റം...''
'അത്ഭുത അമ്മച്ചിക്ക് സ്തുതി' (lol...).
എന്‍റെ ചിരിഞരമ്പ് പൊട്ടിപ്പോയി....
''എന്തുവാടേ ഇത്...!!?''
''നീയത് തുറന്ന് വായിച്ച് നോക്ക്...''
നടുക്കാമത്തെ പേജെടുത്ത് ആദ്യത്തെ കോളത്തിലെ അഡാറ് ചേച്ചിയെത്തന്നെ നോക്കി... 'ഫെന്‍റാസ്റ്റിക്'.
''വായിക്കെടാ.. വായിക്ക്..''

'അത്ഭുത അമ്മച്ചിക്ക് സ്തുതി. വിവാഹം കഴിഞ്ഞ് കാലങ്ങളായ് കുട്ടികളില്ലാതിരുന്ന ഞങ്ങള്‍ അത്ഭുത അമ്മച്ചിയുടെ ജനസേവാ കേന്ദ്രത്തില്‍ വന്ന് കരഞ്ഞുകരഞ്ഞ് കാര്യംപറഞ്ഞു. കുഞ്ഞുങ്ങളുണ്ടായാല്‍ അമ്മച്ചിയുടെ തിരുമാസികയില്‍ ഫോട്ടം അടക്കം വിവരം കൊടുക്കാമെന്നും സത്യം ചെയ്തു. അത്ഭുതമെന്ന് പറയട്ടെ അടുത്ത ആഴ്ച ഞാന്‍ ഗര്‍ഭിണിയായി. അത്ഭുത അമ്മച്ചിക്ക് നന്ദി. ഒരു നൂറ് നന്ദി.'
ചേച്ചിയുടേം ചേട്ടന്‍റേം കുഞ്ഞാവേരേം ഫോട്ടത്തില്‍ ഒന്നൂടെ നോക്കി ഞാന്‍ ചിരിച്ചു.
''അടുത്തത് വായിക്ക്''.
അതായിരുന്നു പൊളി...
'കാരുണ്യ നിധിയായ അത്ഭുത അമ്മച്ചീ... നീയില്ലായിരുന്നെങ്കില്‍ അവനിയിലെ ജീവിതം വ്യര്‍ത്ഥം. വിവാഹം കഴിഞ്ഞ് ആണ്ടുകളേറെ കുഞ്ഞിക്കാല്‍ കാണാനായി ആശുപത്രികളായ ആശുപത്രികളെല്ലാം കയറിയിറങ്ങിയ ഞങ്ങള്‍ക്ക് ഒടുവിലാണ് അത്ഭുത അമ്മച്ചിയുടെ തിരുസന്നിധി അണയുവാന്‍ യോഗമുണ്ടായത്. അവിടെ എന്‍റെ ഭാര്യ കരഞ്ഞു തളര്‍ന്ന് ആ പാദങ്ങളില്‍ സ്വയമര്‍ച്ചിച്ചു. ഞാന്‍ തങ്കത്തില്‍ നീര്‍ത്ത അത്ഭുത അമ്മച്ചിയുടെ രൂപം നടയില്‍ സമര്‍പ്പിച്ചു. അത്ഭുതം.. ശാസ്ത്രമേ വിശ്വസിക്കുക. എന്‍റെ ഭാര്യ ഗര്‍ഭിണി ആയി. അത്ഭുത അമ്മച്ചി ഒരു ആണ്‍കുഞ്ഞിനെ തന്നെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചു. നന്ദി അത്ഭുത അമ്മച്ചീ നന്ദി. വാക്കുകൊടുത്തപോലെ കുഞ്ഞിന്‍റെ ചിത്രമടക്കം അമ്മച്ചിയുടെ മാസികയില്‍ നല്‍കുന്നു. നിങ്ങളും വണങ്ങുവിന്‍ അമ്മച്ചിയെ.

അതെന്താ ബ്രോ ''ആണ്‍കുഞ്ഞിനെ 'തന്നെ'. തങ്ക പ്രതിമയൊക്കെ കൊടുത്തതുകൊണ്ടാവും ല്ലേ..?!''

''നീയ് അവരുടെ ദുഃഖം കാണുന്നില്ലേടാ...? ഭക്തി കാണുന്നില്ലേടാ..?'' ലെ ബ്രോ വികാര നിര്‍ഭരനായി. ''നീയ് അവരുടെയൊക്കെ പേരുകള്‍ വായിച്ചുനോക്കിയേ...
ഞാന്‍ നോക്കി. അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സിറിയക് ആന്‍റണി- മോളിക്കുട്ടി, അനില്‍കുമാര്‍- രേഷ്മ, ഫവാസ്- ഉനൈസ, തങ്കമ്മ- ജോണ്‍സന്‍, അന്ന - ശ്യാം, ബ്രാസിയ ഫെര്‍ണാണ്ടസ് - തോമസ് ആന്‍റേഴ്സണ്‍ (ദേണ്ടടാ മദാമേം മദാമനും.... 'അതാണ്' എന്നര്‍ത്ഥത്തില്‍ ബ്രോ കീഴ്ചുണ്ട് കടിച്ചുപിടിച്ച് നെറ്റി മുകളിലോട്ട് ചുളിവുകള്‍ വീഴ്ത്തി കാണിച്ചു.)
'' ഇനിയുമുണ്ട്...'' ബ്രോ അടുത്ത പേജുകള്‍ മറിച്ചു.
ജോലി കിട്ടിയ കഥകള്‍...
ഗല്യാണം നടന്ന കഥകള്‍....
കളഞ്ഞുപോയമാല തിരിച്ചുകിട്ടിയതും പിണങ്ങിപ്പോയ ഭര്‍ത്താവ് തിരിച്ചുവന്നതും ഇഷ്ടമില്ലാത്തച്ചി വിവാഹമോചനത്തിന് നോട്ടീസ് ഇങ്ങോട്ട് അയച്ചതുമടക്കം ഇടിവെട്ട്  കഥകള്‍. ഒന്നും വ്യാജമെന്ന് പറഞ്ഞ് തഴയത്തില്ല. കാരണം എല്ലാത്തിലും അനുഭവസ്ഥരുടെ ഫോട്ടോ അടക്കമുണ്ട്...
നീയിത് നോക്കെടാന്ന് പറഞ്ഞ് കാട്ടിത്തന്നത് പ്രമുഖ ഐഎഎസ്സനെ. തൊട്ടുതാഴെ ഒരു സില്‍മാനടി.
കാറുവാങ്ങാന്‍ അനുഗ്രഹം നല്‍കിയതിന്‍റെ അടുത്ത പേജായപ്പൊ കുടിച്ചുതീര്‍ന്നസര്‍ബത്തിന്‍റെ ഗ്ലാസുകളും തിരിച്ചുകൊടുത്ത് കാശും സെറ്റിലാക്കാന്‍ ബ്രോ വഴിയോരക്കടയിലേക്ക് പോയി.
അടുത്ത പേജില്‍ നിറയെ ബൈക്കുകളാണ്. ബൈക്കിലും സ്കൂട്ടിയിലും ചാരി മൊഞ്ചന്‍മാരും മൊഞ്ചത്തികളും, അമ്മാമ്മമാരും അപ്പാപ്പന്‍മാരും, ഫ്രീക്കന്‍മാരും ഫ്രീക്കത്തികളും നിക്കുന്നു...
യ്യോ...!!!!
നമ്മുടെ ഫ്രീക്കന്‍.... വഴിയോരത്തുകൊണ്ടുനിര്‍ത്തി സര്‍ബത്തും വാങ്ങിത്തന്ന് അതിന്‍റെ കാശും കൊടുത്ത മുത്ത്... ഓന്‍റെ ചങ്ക് ഡ്യൂക്കില്‍ ചാരി മാസികയില്‍ ചിരിച്ചുകൊണ്ടു നിക്കുന്നു....
സ്വപ്നമായ ബൈക്ക് വാങ്ങാന്‍ ക്യാറ്ററിങ്ങിനും വയറിങ്ങ് പണിക്കും ടൈല്‍സുപണിക്കും എല്ലാം പോയ ബ്രോയുടെ ഡെഡിക്കേഷന്‍ ലവല്‍ കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുള്ള ഞാന്‍ ഇതുകണ്ടപ്പൊ ഇരട്ടി ഞെട്ടി. വലിയ തൊങ്ങലുകളൊന്നുമില്ലാത്ത ഒരു നന്ദി പ്രസാധനം.
അവസാനം പൈസതികയാതെവന്നപ്പോള്‍ തേപ്പുകാരി എന്ന് ഞാന്‍ പലവട്ടം കളിയാക്കിവിളിച്ചിട്ടുള്ള അവന്‍റെ കാമുകി കഴുത്തില്‍ കിടന്ന മാല ഊരിക്കൊടുത്ത് പണം റെഡിയാക്കിക്കോളാന്‍ പറഞ്ഞതും. അതവന്‍ രണ്ടുമാസത്തിനകം തിരിച്ചെടുത്തുകൊടുത്തതും എനിക്കുമാത്രം അറിയാവുന്ന സത്യം.

''എന്തുവാടാ ഈ കോപ്രായം...!!!''
ഞാന്‍ 
'' പൈസ കണ്‍ഫോമാവാത്ത സിറ്റ്വേഷനില്‍ അവള്‍ക്കാ മാല ഊരിത്തരാന്‍ തോന്നിയത് എങ്ങനാന്നാ നിന്‍റെ വിചാരം..!!?''

''ഡാാ.. അത് അവളുടെ നല്ല മനസ്സ്... നിന്നോടുള്ള വിശ്വാസം...''

''അല്ലളിയാ.... അത്ഭുത അമ്മച്ചിയുടെ കൃപ...''

''കോപ്പാണ്...''

''ഡാ.. നീയൊരു കാര്യം ചെയ്യ്. നാളെ ഞാന്‍ അത്ഭുത അമ്മച്ചിയുടെ തിരുസന്നിധിയില്‍ പോകുന്നുണ്ട്... നീയും വാ.. ''

''എന്തിന്.?''

''അവിടത്തെ ഭക്തിമയം കണ്ട് നീ ഞെട്ടും. നിനക്ക് ജോലി ശരിയാക്കിത്തരണേന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നിന്നെ നടയില്‍ കൊണ്ടുനിര്‍ത്തി പ്രാര്‍ത്ഥിപ്പിക്കാ മെന്നും...''

''ഉവ്വ... നടന്നു... ഡാ ഇതൊക്കെ പറ്റിപ്പാണ്... യാദൃശ്ചികതകളെ വിറ്റ് കാശുണ്ടാക്കുകയാണവര്‍..''

കുറേ സംസാരിച്ചിട്ടും ഞാന്‍ വഴങ്ങാത്തതുകണ്ട ബ്രോ, നിഷ്കളങ്കന്‍ പറഞ്ഞു...

''ബ്രോ എല്ലാ മതങ്ങളിലും ഉണ്ട് ഇപ്പൊ ഈസെറ്റപ്പ്. നിനക്ക് ഏതുമതം വേണം? ഏതു ദൈവം വേണം? പറ ഞാന്‍ റെഡിയാക്കിത്തരാം പ്രാര്‍ത്ഥിക്കാന്‍ പറ്റിയയിടം. അച്ചടിക്കാന്‍ പറ്റിയമാസികയും.... നീ എവിടെപ്പോയി പ്രാര്‍ത്ഥിച്ചാലും സര്‍വ്വവുമറിയുന്നവളായ അത്ഭുത അമ്മച്ചി നിന്‍റെ പ്രാര്‍ത്ഥന കൈക്കൊള്ളും.'' എന്നു പറഞ്ഞ് താത്വിക ഭാവത്തില്‍ നിര്‍ത്തി..

''എനിക്ക് വേണ്ട നിന്‍റെ അമ്മച്ചിമാരേം അപ്പന്മാരേം ഒരു കോപ്പന്മാരേം അനുഗ്രഹോം പ്രസാദോം ഒരു തേങ്ങാക്കൊലേം...'' ഞാന്‍ പറഞ്ഞു.

''നിനക്ക് ധൈര്യമുണ്ടോ..?''

''എന്തിന്..?''

'' ഈ പറഞ്ഞതുപോലെ ഫെയിസ്ബുക്കിലോ അല്ലേല്‍ പരസ്യമായോ പറയാന്‍..''
ബ്രോ വെല്ലുവിളിയായി.

''അയ്യേ... ഇല്ലാത്ത ഒരു അത്ഭുത തള്ളയുടെ വെല്ലുവിളി ഞാനെന്തിന് ഏറ്റെടുക്കണം...''

''അപ്പൊ നിനക്ക് ധൈര്യമില്ല...''

''എന്തിന്..?!''

''ദൈവങ്ങളെ ചലഞ്ച് ചെയ്യാന്‍...''

''ശ്ശെ... ഇല്ലാത്ത ഒന്നിനെ ചലഞ്ച് ചെയ്യാന്‍ എന്തിനാടാ ധൈര്യം....''

''എങ്കില്‍ എഴുത്. എഫ് ബീല്‍ എഴുത്. എനിക്ക് അത്ഭുത അമ്മച്ചിയുടെയോ മറ്റ് ദൈവങ്ങളുടെയോ സഹായം വേണ്ടാന്ന് എഫ് ബീല്‍ എഴുത്...''

''അതെന്താ... നിന്‍റെ ദൈവങ്ങളൊക്കെ ഇപ്പം എഫ് ബീലാണോ മച്ചാനേ..?! ഫോട്ടോ ഷെയര്‍ചെയ്യുമ്പൊ അനുഗ്രഹംതരാനും വെല്ലുവിളിക്കുമ്പോള്‍ ശിക്ഷതരാനുമൊക്കെ... ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പൊ കുറേ ദുരന്തങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസും ഫെയ്സ്ബുക്കുമൊക്കെ കണ്ടപ്പൊ കഷ്ടംതോന്നി. 'ദേണ്ട ഇങ്ങേര്‍ ഇങ്ങനെ മലര്‍ന്ന് കിടക്കുമ്പോള്‍ തിരുവന്തപുരത്തിന് ഒന്നും പറ്റൂലാന്ന്.' ഒപ്പം ഭാവനാസമ്പനനായ ഏതോ കവി പണ്ടെഴുതിയ വാങ്മയ ചിത്രത്തിന് മിടുമിടുക്കനായ ചിത്രകാരന്‍ നല്‍കിയ രൂപവുമുണ്ട്... പാമ്പിന്‍റെ പുറത്തുശയിക്കുന്ന പുരുഷന്‍..''

'' നീയൊന്നും നന്നാവൂലെടാ... ഒരിക്കലും നന്നാവൂല...''

എഫ് ബീല്‍ എങ്കിലും അത്ഭുത അമ്മച്ചിയുടെ ഫോട്ടോ ഒന്ന് ഷെയര്‍ചെയ്താല്‍ മതിയെടാ വിചാരിച്ചതൊക്കെ നടക്കും ന്നാ ലെ ബ്രോ ഇപ്പൊ വാട്സാപ്പ് ചെയ്തത്. ഒപ്പം ഫെയിസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ചെയ്ത് അത്ഭുതങ്ങള്‍ സംഭവിച്ച ഒരുകൂട്ടം ഭക്തര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഉപകാരസ്മരണാ പി ഡി എഫ് ഉം അയച്ചുതന്നു. പാവമാ.. പിണക്കി വിട്ടാലും വീണ്ടും അടുക്കും...

പക്ഷേ അപകടത്തിലാ... വലിയ അപകടത്തില്‍....


ഹരികൃഷ്ണന്‍ ജി ജി
ചൈതന്യ
മിതൃമ്മല
മിതൃമ്മല പി ഒ.
695610
Phone- 8289912348

Thursday, 19 October 2017

ഭൂതം

ഭൂതം

ഞാനിരിക്കുന്ന കൊമ്പിന്‍റെ
മേലത്തെകൊമ്പിലും താഴത്തെ കൊമ്പിലും
ഭൂതങ്ങള്‍.
അവരിരിക്കുന്ന കൊമ്പിന്‍റെ
മേലത്തെകൊമ്പിലും താഴത്തെകൊമ്പിലും
ഭൂതങ്ങള്‍.




ഹരി

Search This Blog

മഴ