മാല്‍സൂപ്പിയന്‍ ഗാഥകള്‍

Tuesday, 20 June 2017

വിശുദ്ധന്‍

വിശുദ്ധന്റെ മരണം റിപ്പോർട്ടു ചെയ്യാൻ 269 ലോക രാജ്യങ്ങളിൽ നിന്നും ചാനൽ പട തിക്കും തിരക്കും കൂട്ടി. വിശുദ്ധ രോഗം പിടിപെട്ട് ചോര തൂറി ചത്ത ടിയാന്റെ ഭൗതികാവശിഷ്ടത്തിന്റെ പൊട്ടോ പൊടിയോ പല്ലോ മുടിയോ കിട്ടുമോ എന്നറിയാൻ കുട്ടി വിശുദ്ധന്മാർ തക്കം പാത്ത് നടന്നു. ശവം പ്രത്യേക പേടകത്തിൽ കയറ്റി ഭൂമിയെ വലംവയ്ക്കുമാറ് ബഹിരാകാശത്തേയ്ക്ക് അയക്കാനുള്ള സാങ്കേതിക സഹായം തങ്ങൾ നൽകുമെന്ന് ഭൂലോക കിട്ടിലോൽ കിടിലങ്ങളായ ആറ് ബഹിരാകാശ ശിങ്കങ്ങളും തമ്മിൽ തർക്കത്തിലായി. തർക്കം ഉന്തിത്തളളായി.... അടിപിടിയായി.... ബോംബേറായി....
ബോംബേറിൽ മരിച്ച ആറുലക്ഷത്തിമുപ്പത്തിനാലായിരത്തിഎഴുനൂറ്റിനാൽപ്പത്തിമൂന്നു പേരും പരലോകത്തിൽ വിശുദ്ധനെ നേരിൽ കാണുകയും തങ്ങളുടെ മരണത്തിന് ഉത്തരവാദി 'താനാണെന്ന്' മുഖത്തടിച്ച മാതിരി പറഞ്ഞുകളയുകയും ചെയ്തു!!!
വിശുദ്ധൻ എന്തു പിഴച്ചു... വിശുദ്ധന് വിഷമമായി. ആർഷഭാരത സ്റ്റൈലിൽ വിശുദ്ധൻ ഒരുകാച്ചങ്ങ്കാച്ചി..... ''ഈ പാപികളുടെ  ഗർവ് ശമിപ്പിക്കാൻ നാം കലിയുഗത്തിൽ വീണ്ടും അവതാരമെടുക്കുന്നുണ്ട്... ''
ബോംബുവീണ് തൊലഞ്ഞ ആറുലക്ഷരിൽ ഒരുവൻ ഈ വാർത്ത ഭൂമിയിൽ ശവത്തിനു ചുറ്റും ചക്കയരക്കിൽ പറ്റിയ ഈച്ചകളെ പോലെ കൂടിനിന്ന ചാനലുകാരിൽ തന്റെ കക്ഷിക്ക് ചോർത്തിനൽകാൻ ശ്രമിച്ചെങ്കിലും പരലോകത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ച പുതിയ സിഗ്നൽ ജാമറുകളുടെ ശല്യം കാരണം നടന്നില്ല.
പറഞ്ഞ വാക്ക് നിമിഷങ്ങൾക്കകം പാലിക്കുന്നവനായിരുന്നു വിശുദ്ധൻ (അതുകൊണ്ടാണല്ലോ അയാൾ വിശുദ്ധൻ ആയത് ). തനിക്ക് ജൻമം നൽകാൻ കരുത്തുള്ള ഒരു അമ്മയെ തേടി ഭൂമിയിലേക്കു നോക്കിയ വി കണ്ടത് ദക്ഷിണാർദ്ധഗോളത്തിലെ അധികം ജനവാസമില്ലാത്ത ഒരു ദ്വീപിൽ നിന്നും സംസ്കരിച്ച ചാള മീനുമായി അയൽ രാജ്യത്തിലേക്ക്  ബോട്ടിൽപോക്കുന്ന ചവാൻ സുവാങ്ങിനേയും ഭാര്യയേയുമാണ്. ഭാര്യ പൂർണ ഗർഭിണി.
വിശുദ്ധൻ ചവാൻ സുവാങ്ങിന്റെ ഭാര്യയുടെ ഗർഭത്തിൽ തന്റെ ചൈതന്യം പകർന്നു. ആ കുഞ്ഞ് പിറവിയിലേ ജ്ഞാനി ആയിരിക്കുമെന്നും ഭാവിയിൽ ലോകത്തെതന്നെ മാറ്റി മറിക്കുന്ന ഉത്തോലകം ആയി തീരുമെന്നും ചിന്തിച്ച് വി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
പെട്ടന്നാണ് നിറയെ വെളിച്ചം തെളിയിച്ച കുറേ ബോട്ടുകൾ ചവാൻ സുവാങ്ങിന്റെ ബോട്ടിനെ വളഞ്ഞത്. ആ ബോട്ടിൽ ഇരുട്ടിനെപായിക്കാൻ ഒരു മെഴുകുതിരി പോലും തെളിയിച്ചിരുന്നില്ല എന്ന് വിശുദ്ധൻ ശ്രദ്ധിച്ചതും അപ്പോഴാണ്.
''വിശുദ്ധ ചാള മത്സ്യത്തെ വിദേശത്തേക്കു കടത്താൻ നോക്കുന്ന രാജ്യദ്രോഹികളേ... മാതൃ ഘാതകരേ... കുലംകുത്തികളേ.... ''
വെളിച്ചം തെളിഞ്ഞ ബോട്ടുകളിൽ ഒന്നിൽ നിന്നും, നേതാവാകണം, ഒരാൾ വിളിച്ചു പറഞ്ഞു. ''വേഗം ബോട്ടു വിട്ട് കടലിൽ ചാടിക്കോ.... ഇല്ലങ്കിൽ നരകിച്ച് ചാവാനൊരുങ്ങിക്കോ...''
''ഞങ്ങൾ അനധികൃത മത്സ്യ കടത്തുകാരല്ല. ഇത് സംസ്കരിച്ച മത്സ്യമാണ്. അന്യദേശത്തു കൊണ്ടു പോകാൻ അനുമതിയുണ്ട്.... '' ചവാൻ സുവാങ് മറുപടി നൽകി.
'' ഓഹോ.... പെറ്റമ്മയെ സംസ്കരിച്ച് അന്യദേശത്തേക്ക് കടത്താൻ ആരാണ് നിനക് അനുമതി തരുന്നത്.?? അധവാ അങ്ങനെ തന്നാൽ തന്നെ നീ അത് ചെയ്യുമോ... ''
'' ബോട്ടിൽ മീൻ മാത്രമാണ്. ഉണക്കമീൻ... പോരാത്തതിന് എന്റെ ഭാര്യ ഗർഭിണിയാണ്. അവളെ വലിയ ആശുപത്രിയിൽ എത്തിക്കണം... ഞങ്ങളെ വെറുതേ വിടണം.... '' ചവാൻ സുവാങ് കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു..
''വിഢീ.... ചാളയാണ് നമ്മുടെ സംസ്കാരത്തെ വളർത്തിയത്. പഞ്ഞക്കാലത്ത് പശിയകറ്റിയത്. ചാള നമ്മുടെ അമ്മയാണ്. ആ അമ്മയെ അധിക്ഷേപിക്കുന്ന നീ ജീവനോടെ ഇരിക്കരുത്.... നിന്റെ ഭാര്യ ഗർഭിണിയാണെന്നോ.... അവൾ എന്തിന് ഗർഭിണിയാകണം...!!!അവൾ എന്തിന് പ്രസവിക്കണം.... !!! മറ്റൊരു ചാള ഘാതകന് ജന്മം നൽകാനോ....???''
നേതാവ് നാവാട്ടം നിർത്തും മുന്നേ ചവാങ് സുവാങ്ങിന്റെ ബോട്ടിലേക്ക് മറ്റ് യാനങ്ങളിൽ വന്നവർ ഇരച്ചുകയറി. നേതാവിനെ നോക്കി തൊഴുതു നിന്ന ചവാങ് സുവാങ്ങിന്റ തലയിൽ ഒരുകൈ കനമുള്ള ഇരുമ്പുദണ്ഡ് രണ്ടാമതും മുന്നാമതും പറന്നു വീണു. ആരോ അയാളെ താങ്ങി കടലിലേക്ക് എറിഞ്ഞു.
പിന്നീട് അവർ സുവാങ്ങിന്റെ ഭാര്യക്കു നേരേ തിരിഞ്ഞു. ''പെട്ടന്ന് വേണം.. '' നേതാവ് ആക്രോശിച്ചു. 'വേണ്ടവർ വേണ്ടവർ ' അവളെ ബോട്ടിന്റെ ഇരുമ്പുതറയിൽ കിടത്തി ചവച്ചു തുപ്പി. വിശുദ്ധൻ ഒന്നും കാണാൻ വയ്യാതെ കണ്ണടച്ച് കടലിനടിയിലേക്ക് കുപ്പുകുത്തി.
അവിടെയും തീർന്നില്ല പക...
''ചാള കീറുന്ന കത്തി കൊണ്ടുവാ....'' നേതാവ് അലറി. അവളുടെ പകുതി പ്രായമുള്ള ഒരുവൻ, അവളിൽനിന്നും അവസാനം എണീറ്റവൻ, അരയിൽ നിന്നും കത്തി എടുത്തു. '' ഇത് നിന്റെ ഇരയാണ് മാൻബൂക്... ബലി നീ തന്നെ നടത്തികൊള്ളുക... '' നേതാവ് അവനെ നോക്കി ചിരിച്ചു.
ജീവൻ അവളുടെ ശിരസിൽ അപ്പോഴും നഖങ്ങൾ ആഴ്ത്തി അള്ളിപ്പിടിച്ചു തന്നെ കിടന്നു. എന്തിന്ന്...! അതിന് ചിറകുകൾ വിടർത്തി പറന്നു പൊയ്ക്കൂടേ... അവളെ സ്വതന്ത്രയാക്കിക്കൂടേ...
ജീവൻ അതിന്റെ അള്ളിപ്പിടുത്തം വിടാതെനിക്കവെ അവൻ ആ കത്തി അവളുടെ നിറഞ്ഞ വയറിനു മുകളിൽ കൂടി പായിച്ചു. ഭൂമി ഒന്നാകെ നിശബ്ദമാകുമാറ് അവൾ അലറിക്കരഞ്ഞു. ചോരയുടെ തിരമാല ആ അമ്മവയറിൽ നിന്നും ചീറ്റി. ഉള്ളിലെ കുഞ്ഞു ജീവൻ പുറത്തേക്ക് തള്ളിവീണ് പിടഞ്ഞു.  
'' കടലിലേയ്ക്കെറിയ് ശവങ്ങളെ... ''
അവരൊന്നായ് കടലിലേക്കു മറിഞ്ഞു.
ഇന്ദു പ്രഭമങ്ങി മാനത്ത് മറഞ്ഞു തുടങ്ങുകയും കിഴക്ക് സഞ്ചാരികൾക്ക് കാഴ്ചവിരുന്നൊരുക്കാൻ സൂര്യൻ പതിവിലും ചുവന്ന് തലപൊക്കുകയുംചെയ്തപ്പോൾ വിശുദ്ധന്റെ മരണം റിപ്പോർട്ടുചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ചാനലിൽ നിന്നും പുറത്താക്കപ്പെട്ട ഫോട്ടോഗ്രാഫർ അനീസ്യ ഒന്നിലും മനസുറയ്കാതെ കടൽക്കാറ്റിൽ തണുത്ത് നടക്കുകയായിന്നു. പതിവിലും അസാധാരണമായി എന്തോ അനീസ്യയെ അലട്ടിക്കൊണ്ടിരുന്നു. ബിക്കിനി അണിഞ്ഞ അവസാന വിനോദസഞ്ചാരിയും കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അനീസ്യ മുന്നിൽ കണ്ട പാറക്കെട്ടിന് മുകളിലേക്കു കയറി. അപകടമാം വിധം തിരകളുടെ ആക്രമണം ഉണ്ട്. തടയാൻ ലൈഫ്ഗാർഡുകൾ ആരും ഇല്ല.
ദൂരെ തീരത്തോടു ചേർന്ന്‌... കഴുകൻ കൊത്തിയെടുകുന്നത്.... വലിയ മത്സ്യങ്ങൾ വല്ലതുമാണോ...! ക്യാമറയും തൂക്കി അനീസ്യ അവിടേക്ക് കുതിച്ചു. അതെന്താണ്..? എന്താണത്...?
കീറിയ വയറിൽനിന്നും പുറത്തേയ്ക്ക് തെറിച്ചു കിടക്കുന്ന ഒരു കുഞ്ഞ്... അതിനെ വേർപെട്ടുപോകാതെ കൈപ്പിടിയിലൊതുക്കിയ അമ്മ... കഴുകൻ കുഞ്ഞിനെയാണ് കൊത്തിയെടുക്കുന്നത്‌. അനീസ്യ തെരുതെരെ ചിത്രങ്ങൾ പകർത്തി. കഴുകനെ ബഹളം കൂട്ടി പറത്തിക്കളഞ്ഞു. ആരെയെങ്കിലും വിളിക്കാൻ സ്ഥലം മാറിയാൽ കഴുകൻ വീണ്ടും പറന്നിറങ്ങും... പാറക്കെട്ടിനു മുകളിൽ ആദ്യത്തെ തല കാണും വരെ അനീസ്യ മാതാവിനും മകനും കാവലിരുന്നു. പിന്നെ ആൾക്കാർകൂടി പത്രക്കാർകൂടി കഴുകന്മാർ കൂടി....
മരിച്ച  വിശുദ്ധന്റ  വാർത്തകൾക്ക്  ഒരു ഇടവേള  കൊടുത്ത്  ചില ചാനലുകളിൽ അനീസ്യ  പകർത്തിയ  ചിത്രങ്ങൾ  മിന്നിമറഞ്ഞു.  വിശുദ്ധന്റെ മരണാഘോഷങ്ങൾ  ആസ്വദിച്ചിരുന്ന ചിലരെങ്കിലും  ഒരു  നിമിഷം  മൗനവും വിങ്ങലുമായി പുതിയ വിശുദ്ധനെ വരവേറ്റു. 
ഹരികൃഷ്ണൻ ജി ജി    

Friday, 16 June 2017

അവധിക്കാല കഥകള്‍

വീണ്ടും ഒരു ബ്ലോഗ് തുടങ്ങേണ്ടതുണ്ടോ എന്ന് നെറ്റിചുളിക്കുകയാവും...! ഓരോ എഴുത്തും ഓരോ കാലത്തിന്‍റെ അടയാളപ്പെടുത്തലുകള്‍... മുന്‍പ് എഴുതിയതെല്ലാം മറ്റൊരു ലോകത്തിന്‍റെ സൃഷ്ടികളായിരുന്നു. ഇത് പിന്നെയും ഒരു ലോകം. ഒരു അവധിക്കാലം. ഒരു അനിശ്ചിതത്വത്തിന്‍റെ കാലം. ഈ കാലത്തെ അടയാളപ്പെടുത്താന്‍, പിന്നീട് ഓര്‍ത്തെടുക്കാന്‍, അവധിക്കാല കഥകള്‍ കുറിക്കാന്‍ ഒരിടം....
ഇവിടെ തുടങ്ങുന്നു....

Search This Blog

മഴ