മാല്‍സൂപ്പിയന്‍ ഗാഥകള്‍

Monday, 5 February 2018

കേരളം വീണ്ടും ഭ്രാന്താലയമാവുമ്പോള്‍

നമുക്ക് സന്തോഷിക്കാം
കേരളം വീണ്ടും ഭ്രാന്താലയമാവുമ്പോള്‍.
ഗുരുവും ചട്ടമ്പിസ്വാമികളും
വാഗ്ഭടാനന്ദനും പുനര്‍ജനിക്കും.
അയ്യന്‍കാളി വീണ്ടും വില്ലുവണ്ടിയിലേറി
അനന്തപുരിയെ ഇളക്കിമറിക്കും.
വടക്കുനിന്ന് വിവേകാനന്ദന്‍,
യുവസന്യാസി ട്രൈനില്‍വന്നിറങ്ങി
വീണ്ടും കണ്ണുപൊത്തി കരഞ്ഞുപോകും
ഭ്രാന്താലയം...
ഭ്രാന്താലയം...
ബഡ്ജറ്റില്‍ മുലക്കരവുമുള്‍പ്പെടും
അതിനെനമുക്കന്ന് ട്രോളിത്തോല്‍പ്പിക്കാം.
നമുക്ക് സന്തോഷിക്കാം
കേരളം വീണ്ടും ഭ്രാന്താലയമാകുമ്പോള്‍
നവോധാന നായകരെല്ലാം
പുനര്‍ജനിക്കുമല്ലോ....
അവര്‍വീണ്ടും നമ്മളെ
മനുഷ്യരാക്കി മാറ്റുമല്ലോ...
അതുവരെ
നമുക്ക് ഓണ്‍ലൈനില്‍ കുറ്റംപറയാം.
ഒളിഞ്ഞിരുന്ന് വീഡിയോ കാണാം.
കേരളം വീണ്ടും ഭ്രാന്താലയമാകുന്നത്
കണ്ടിരുന്ന് ലൈക്കടിക്കാം...

ഹരികൃഷ്ണന്‍ ജി ജി

ചൂണ്ട

ഒരിക്കല്‍ ചൂണ്ടക്കൊളുത്ത് ചൂണ്ടക്കാരനോട് ചോതിച്ചു.
വിശപ്പിനെ മുതലെടുത്ത് പാവം മത്സ്യങ്ങളെ
കുടുക്കുന്നതിന്‍റെ പാപം
നീ എന്ത് പ്രതിവിധിചെയ്താണ് വീട്ടുക...?
ചൂണ്ടക്കാരന്‍ മറുപടി പറഞ്ഞു.
''മത്സ്യങ്ങളെ ചൂണ്ടയിലേക്കാകര്‍ഷിക്കുന്നതോ അവരുടെ ചെകിളയില്‍ തറഞ്ഞുകയറുന്നതോ
ഞാനല്ലല്ലോ..? നീയല്ലേ...!! അപ്പൊ പാപവും നിനക്കുമേല്‍ തന്നെ...
നീയ് കേട്ടിട്ടില്ലേ കാട്ടുകള്ളന്‍ രത്നാകരനോട് സപ്തര്‍ഷിമാര്‍ പറഞ്ഞത്..?''

ചൂണ്ടക്കൊളുത്ത് ഓര്‍ത്തു.
അന്ന് താന്‍ രത്നാകരന്‍റെ കയ്യിലെ ഇരുമ്പുകത്തിയില്‍ ഉരുകിയുറച്ചിരിക്കയായിരുന്നു.
പിന്നീടാണ് ഉപേക്കിക്കപ്പെട്ട കത്തിയെ ഉരുക്കി രാമരാവണയുദ്ധസമയത്ത് അമ്പിന്‍മുനയായും
പിന്നീടുമെന്നോഉരുക്കി ചൂണ്ടക്കൊളുത്തായും മാറ്റിയത്.

''നീയ് ചെയ്യുന്നതിന്‍റെ ഫലം നീതന്നെ അനുഭവിക്കും...''
സപ്തര്‍ഷികള്‍ പറഞ്ഞു.
രത്നാകരന്‍റെ കത്തി, രാമരാവണയുദ്ധം, പിന്നെ അവ്യക്തമായ ഓര്‍മയില്‍
കുരുക്ഷേത്രത്തില്‍ ഭീഷ്മരുടെ ശരശയ്യയില്‍
പാഞ്ഞുപറക്കുന്നവിമാനത്തില്‍ നിന്ന് തീയുണ്ടപോലെ
ഭൂമിയിലേക്കെറിയപ്പെട്ട ബോംബിന്‍റെ ചീളില്‍....
ചൂണ്ടക്കൊളുത്ത് തന്‍റെ കഴിഞ്ഞകാലങ്ങള്‍ ഓര്‍ത്തെടുത്തു....
ഉരുകിയുരുകി പലരൂപങ്ങളില്‍ പലയിടത്ത്...

എന്തുകൊണ്ട് താനിതുവരെ ഒരു കര്‍ഷകന്‍റെ തൂമ്പയിലോ
മഴുവിലോ ഉരുക്കിച്ചേര്‍ക്കപ്പെട്ടില്ല....
കൊളുത്ത് വ്യസനിച്ചു...

അടുത്തനിമിഷം നീന്തിവന്നൊരുമത്സ്യം കൊളുത്തിലെ ഇരയെവിഴുങ്ങി.
ജീവന്‍ തുടിക്കുന്ന ചെകിളയിലൂടെ ആഴ്ന്നിറങ്ങുന്നതിന്‍റെ ദുസ്സഹമായവേദനയില്‍
ഇരുമ്പ് കണ്ണടച്ചു...അതിന്‍റെ മനസില്‍ പിന്നെയും കണ്ടുമറന്ന
രണഭൂമികള്‍ ആര്‍ത്തലച്ചു...

ഹരികൃഷ്ണന്‍ ജി ജി

Search This Blog

മഴ