Dr. ദാദാസാഹേബ് അംബേദ്കർ, ഒരു മനുഷ്യന്റെ കഥ പറഞ്ഞ സിനിമ
Dr. ദാദാസാഹേബ് അംബേദ്കർ
മമ്മൂക്ക അഭിനയിച്ച ചിത്രം എന്ന നിലയ്ക്ക് ആണ് യൂ ട്യൂബിൽ തിരഞ്ഞ് ''ഡോ. ബാബാസാഹേബ് അംബേദ്കർ '' എന്ന അംബേദ്കറുടെ ജീവിത കഥ പറയുന്ന ചിത്രം കണ്ടത്. Jabbar Patel സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോൾ സമകാലിക ഇന്ത്യയിൽ പ്രദർശിപ്പിക്കപ്പെടേണ്ട, ചർച്ചചെയ്യപ്പെടേണ്ട ഒരു ചലച്ചിത്രമാണ് അംബേദ്കറുടെ ജീവിതം എന്ന തിരിച്ചറിവായിരുന്നു മുന്നിൽ നിന്നത്.
അമേരിക്കയിലെ പഠനകാലം മുതൽ മരണം വരെ ഉള്ള ആ ജീവിതത്തിന്റെ ചലചിത്രഭാഷ്യം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കൂടിയാകുന്നു. ചരിത്രവും സംസ്കാരവും എല്ലാം ഒരൊറ്റശില വിഗ്രഹമായി പ്രചരിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം.
ഏതുതരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന കാഴ്ചക്കാർക്കും പൂർണമായും മുഴുകിയിരുന്ന് കണ്ടു തീർക്കാവുന്ന ചിത്രംതന്നെയാണ് ബാബാസാഹേബ് അംബേദ്കർ. ഒപ്പം പ്രേക്ഷകനെ പല പല യാദാർത്ഥ്യങ്ങളിലേയ്ക്കും കൈ പിടിച്ചുയർത്തുന്നതിലും ചിത്രം സഹായിക്കും.
നാം അനുഭവിക്കാത്ത, എന്നാൽ ഇന്ന് വളരെ വേഗത്തിൽ കേരള സമൂഹത്തേയും കീഴടക്കി കൊണ്ടിരിക്കുന്ന പല ദുർഭൂതങ്ങളി നിന്നും അകലം പാലിക്കാനുള്ള വിവേകം ചിത്രം പകർന്നു തരുന്നു.
മമ്മൂക്കയുടെ അഭിനയം പരാമർശിക്കാതെ ഇത്രയും പറഞ്ഞതിൽ പിണക്കം തോന്നരുത്. വളരെ തന്മയത്വത്തോടെ ബാബാ സാഹേബ് നെ പുനർസൃഷ്ടിക്കാൻ മമ്മൂട്ടി എന്ന മഹാനടന് കഴിഞ്ഞു. സംഭാഷണങ്ങളുടെ ഗാംഭീര്യവും കാലഘട്ടത്തിനും മഹാനായ ആ ലോക നായകനും ഇണങ്ങുന്ന ശരീരഭാഷയും മമ്മൂട്ടി എന്ന നടനിൽ സംവിധായകൻ അർപ്പിച്ച വിശ്വാസം ഒട്ടും തെറ്റിയില്ല എന്നതിന് തെളിവാണ്.
എല്ലാ അഭിനേതാക്കളും മികവിന്റെ പാരമ്യത്തിൽ നിന്നപ്പോൾ മേക്കപ്പ്, വസ്ത്രാലങ്കാരം പ്രത്യേകം പ്രശംസ അർഹിക്കുന്നു.
ഇത്തരം ഒരു വലിയ സിനിമ യാദാർത്ഥ്യമാക്കിയ കലാകാരന്മാർക്കും അതിന് അവസരമൊരുക്കിയവർക്കും നന്ദി.
ഇത് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നായകന്റെ സിനിമയല്ല..... അത്ഭുതമായ ഒരു മനുഷ്യന്റെ സിനിമയാണ്.