യക്ഷി
(കഥ....... ഹരികൃഷ്ണൻ ജി. ജി.......)
മുറ്റത്തെ അയണിപ്ലാവിന്റെ നെറുകന്തലയ്ക്കിട്ട് ഊക്കനൊരു മേട്ട് മേട്ടിക്കൊണ്ട് ഇടി കറണ്ടിനേയുംകൊണ്ട് കടന്നുകളഞ്ഞു. മുങ്ങിക്കുളിച്ച് ഈറനുടുത്തു നിൽക്കുന്ന പെണ്ണിന്റെ കൂന്തൽപ്പോലെ ഇരുട്ടിനെ നനയിച്ച മഴ തുള്ളിയ്ക്കൊരു കുടവയർ എന്ന കണക്കിൽ ഭൂമിയെ ശ്വാസം മുട്ടിക്കും വിധം കെട്ടിപ്പുണർന്നു.
ഇടിയും മഴയും വന്നാൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം എന്ന തിരുവിതാംകൂറിലെ അലിഖിത നിയമം ഓർത്ത് ചാടിപ്പിണഞ്ഞെണീറ്റ് ഞാൻ മെയിൻ സ്വിച്ചിന് അടുത്തേയ്ക്കു ചെന്നു. സ്വിച്ചുബോർഡിന്റെ പുറംചട്ട തുറന്നു. ചെറിയൊരു രാക്ഷസന്റെ നാക്കു പോലെ തോന്നിക്കുന്ന സ്വിച്ചിനെ താഴേയ്ക്കു വലിച്ച് ഓഫ് ആക്കി. പുറംചട്ട അടയ്ക്കാതെതന്നെ തിരിഞ്ഞു. രാവിലേ ഓൺ ചെയ്യാൻ വരുമ്പൊ അല്ലെങ്കിൽ വീണ്ടും തുറക്കണ്ടേ...
'' ഞാൻ കൂടി വന്നോട്ടേ...?''
പിന്നിൽ നിന്നൊരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. ആരുമില്ല. എന്തോ... പേടി പോലും തോന്നുന്നില്ല...
'' ഞാൻ കൂടി വന്നോട്ടേന്ന്...? സമ്മതം കിട്ടിയാലേ എനിക്ക് പുറത്തിറങ്ങാനാകൂ... ''
വരുന്നതെന്തെങ്കിലുമാകട്ടേ എന്നുചിന്തിച്ച് '' പോന്നോളൂ'' എന്ന് സമ്മതം മൂളി.
മുട്ടോളമെത്തുന്ന മുടി, വലിയ ഉണ്ടക്കണ്ണുകൾ, സരസ സുന്ദരമായ തൂവെള്ള സാരി, അതിസുന്ദരികൾക്കു മാത്രം ചേരുന്ന വിധം ഭ്രാന്തുപിടിച്ച നിലാവുള്ള കറുപ്പ്. മൈലാഞ്ചി കമ്പുപോലെ നേർത്ത കൈകൾ... മുലകൾവഴി മുഖത്തേയ്ക്കെത്തിയ എന്റെ നോട്ടം അതി തരളമായ അവളുടെ ചിരിയിൽ ലയിച്ചു.
'' സമ്മതമുണ്ടെങ്കിലേ എനിക്ക് പുറത്തേയ്ക്കു വരാൻ പറ്റുമായിരുന്നുള്ളൂ... അതാ ചോതിച്ചെ...''
'' നീ എങ്ങനാ ഇതിനകത്തായെ...?''
'' ഇവിടത്തെ അമ്മമ്മയാ... കഴിഞ്ഞ ഇടവത്തിന് ഇടിയും മഴയും ഇരുട്ടും അങ്ങനെ ആകെ ഉത്സവമായിരുന്ന ഒരു സന്ധ്യയ്ക്ക് അമ്മമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ അടപ്പ് തുറന്നു.
അകത്ത് എന്താണെന്നറിയാനുളള കൗതുകത്തിൽ ഞാൻ ഒന്ന് കയറി നോക്കിയതാ... കണ്ണു ചിമ്മും മുന്നേ അമ്മമ്മ പാളി അടച്ചുകളഞ്ഞു. അടയ്ക്കുന്നേരം വേഗത്തിലെന്തോ മന്ത്രവും ചൊല്ലിയെന്നാ തോന്നുന്നെ...''
'' നിനക്ക് പുറത്തുവരാൻ കഴിയില്ലേ...?''
'' മനുഷ്യർ ആരെങ്കിലും പൂട്ടിയിട്ടാൽ മറ്റൊരാളുടെ സമ്മതം കിട്ടിയേ എനിക്ക് പുറത്തു വരാനൊക്കൂ...
അങ്ങനെ ഒരാൾ സമ്മതം തന്ന് പുറത്തിറക്കിയാൽ പിന്നെ ഞാൻ അയാളുടെ...''
'' അയാളുടെ...!!?''
അവൾ നാണത്തിൽ ചിരിച്ച് മുഖംകുനിച്ചു. ഞാൻ വി.ജെ ജയിംസിന്റെ യക്ഷിയെ ഓർത്തു.
'' അയ്യോ.... ഞാൻ അങ്ങനൊന്നും അല്ല. ചിലർ അങ്ങനാ. അതും കഥ ആവില്ല, സത്യമാവും... പിന്നേ, ഞാൻ മുന്നിലിങ്ങനെ നിൽക്കുമ്പോൾ വേറൊരു സുന്ദരിയെ പറ്റി ചിന്തിക്കുന്നത് ശരിയല്ല...''
അവൾ ചിരിച്ചു.
'' നിനക്ക് എന്റെ ചിന്തകളേയും...''
'' പറ്റും. ''
സ്വർഗ്ഗത്തിന്റെ ഉടയാട പറിച്ചെറിഞ്ഞതുപോലെ ഒരു മിന്നൽ പാഞ്ഞുവന്ന് ഇരുട്ടിനെ നഗ്നയാക്കി. അനന്തരം ആയിരം ഗജങ്ങൾ താളംപിടിക്കും പോലെ ഇടിമുഴക്കങ്ങൾ കേട്ടു.
രാത്രി നനഞ്ഞു കുതിർന്നു ...
ഹരികൃഷ്ണൻ ജി. ജി.
No comments:
Post a Comment